Friday, 18 May 2012

ഇവര്‍ ശിഖണ് ണ്ടികള്‍



ജോര്‍ജ് ഒരു രാഷ്ട്രീയ ശിഖണ് ണ്ടിയാണ് .
പലരും ജോര്‍ജിനെ മുമ്പില്‍ നിറുത്തി പട വെട്ടുന്നു .
    യുദ്ധത്തിന്റ്റെ പത്താം ദിവസം പാണ്ഡവര്‍ ശിഖണ് ണ്ടിയെ മുന്‍പില്‍ നിറുത്തി .
 ശിഖണ് ണ്ടി ഭീഷ്മരുടെ നേരെ അലറി .
പോരിനു  വിളിച്ചു .
വാടാ -
ഭീഷ്മര്‍ മിണ്ടിയില്ല .
ശിഖ ണ് ണ്ടി  വീണ്ടും വിളിച്ചു .
വാടാ -
ഭീഷ്മര്‍ പറഞ്ഞു .
 "നീയിപ്പോള്‍ ഒരു പുരുഷനായിരിക്കാം
 ഒരു വീര യോദ്ധാവുമായിരിക്കാം.
എന്നാല്‍ എന്റ്റെ  കണ്ണില്‍ നീ ഒരു സ്ത്രീ മാത്രമാണ് .
ഞാന്‍ ഒരു സ്ത്രീയോട് യുദ്ധം ചെയ്യില്ല .
നിന്റ്റെ പോര്‍വിളി ഞാന്‍ സ്വീകരിക്കുകയുമില്ല .
ഒരു സ്ത്രീയോട് പട വെട്ടുന്ന കാര്യം 
 എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യാ -
  - അത് എന്റ്റെ നിലയ്ക്ക് മോശമാണ്-! "

ഞാന്‍ ഉള്‍പ്പെടെ മുഴുവന്‍ എഴുത്തുകാരെയും പരട്ടു കിഴവന്മാര്‍ എന്ന്  ജോര്‍ജ് 
വിളിക്കുമ്പോള്‍ ഭീഷ്മരുടെ മറുപടി ഓര്‍ത്തു പോയി  എന്ന് മാത്രം ..!

ക്ഷമിക്കൂ മറ്റെന്താണ് ഞാന്‍ പറയുക ..? 

Sunday, 13 May 2012

ദൈവവും മാലാഖമാരും ചവിട്ടി കുഴച്ച മണ്ണില്‍


" എന്തെന്തു കഥകളാണ് നീ എനിക്ക് പറഞ്ഞു തന്നത് ?
ദൈവവും മാലാഖമാരും കൂടി മണ്ണ് കുഴച്ചു .
മണ്ണ് കൊണ്ട് കഞ്ഞി വച്ചു.
അവര്‍ അപ്പനും അമ്മയും കളിച്ചു. 
അപ്പോള്‍ മഴ പെയ്തു .
മാലാഖമാര്‍ തുള്ളിച്ചാടി ,
ദൈവവും !
അവരുടെ കാലുകള്‍ പതിഞ്ഞ ഇടം കുഴികളായി.
പതിയാത്തിടം ഉയര്‍ന്നു നിന്നു.
അങ്ങനെ മലകളും താഴ്വരകളും ഉണ്ടായി .
" ഈ താഴ്വരയില്‍ നിന്നുമാണു ഞാന്‍ വരുന്നത് ?"
നീ പറഞ്ഞു .
ഞാന്‍ നോക്കി .
മലകളുടെ മാറില്‍ 
പെയ്തിറങ്ങിയ 
മഴമേഘങ്ങളെ
നിന്നില്‍  ഞാന്‍ കണ്ടു.
കുന്നുകളുടെ കൂമ്പിയ മുലകളില്‍ 
ഉമ്മവെച്ചുമ്മവെച് ഒഴുകിയ 
മഞ്ഞു തുള്ളികളെ 
എനിക്ക് നീ തന്നു .
നിന്റ്റെ കരയില്‍ ഞങ്ങള്‍ കൂട്ടുകൂടി .
കറുത്ത കൂണ്‍ മൊട്ടുകള്‍ പോലെ 
നിന്റ്റെ മാറില്‍ എഴുന്നു നില്‍ക്കുന്ന 
കരിങ്കല്‍ മുലകളില്‍ ,
ഓളങ്ങള്‍ തല്ലി
ചുരത്തിയൊഴുകിയ
മണ്ണിന്റ്റെ  ചുവയുള്ള ,
മണമുള്ള   മുലപ്പാലില്‍ 
എത്രയോ തവണ 
ഞാനെന്റ്റെ ചുണ്ടുകള്‍ ചേര്‍ത്തു .
വേണ്ടുവോളം  ഈമ്പി കുടിച്ചു .
നാവു മധുരിക്കുന്നു .
ഇനിയും എനിക്ക് മധുരിക്കണം .
നിന്ര്രെ മുലക്കണ്ണില്‍ നൊട്ടിനുണയണം.
നിന്റ്റെ   നുരയും പതയും 
എനിക്ക് വേണ്ടി 
പാല്‍ മണത്തോടെ  ചുരത്തണം.
വരട്ടെ ?
നിന്നില്‍ അലിയാന്‍ 
നിന്റ്റെ പൊക്കിള്‍ ചുഴിയില്‍ 
നീ വിരിക്കുന്ന മലരിയില്‍ 
തണുപ്പില്‍ 
എനിക്ക് ലയിക്കണം .
എന്റ്റെ മനസ്സ് തുടിക്കുന്നു .
കൊതിക്കുന്നു .
ഒരു സ്വപ്നം പോലെ  ഞാന്‍ വരും .
ഒരു സന്ധ്യയില്‍ തനിച്
ആരുമറിയാതെ ,
നിനക്ക് വേണ്ടി അലുക്കുകള്‍ നെയ്ത് ഞാന്‍ വരും 
എങ്കിലും 
ഒന്ന് ചോദിക്കാനുണ്ട് ,
എന്തെ നിനക്കിത്ര വാശി?
ഒരു കുട്ടി കൊമ്പനെ പോലെ 
പലപ്പോഴും 
നീ കുറുമ്പ് കാട്ടുന്നു .
എത്ര ജീവിതങ്ങളെയാണ്‌ 
ഇതിനകം നീ മുക്കി കൊന്നത് ?
എത്ര കുടുംബങ്ങളെ  നീ അനാഥമാക്കി ?
ആ അമ്മമാരുടെ കരച്ചില്‍ 
നീ കേട്ടില്ലെ?
എന്തെ നിന്റ്റെ കാതടഞ്ഞുപോയി ?
ഇത്രയൊക്കെ എനിക്ക് ചോദിക്കണമെന്നുണ്ട് .
പക്ഷെ ചോദിച്ചില്ല .
കാരണം 
നിന്നെ ഞാന്‍ അത്യധികം സ്നേഹിച്ചു .
നീ അറിയുമോ ?
കല്ലില്‍ തട്ടി തെന്നുന്ന 
നിന്റ്റെ ഓളങ്ങളില്‍ 
എന്റ്റെ ഹൃദയതുടിപ്പുണ്ട് .
നീയറിയാതെ 
നീ പ്രസവിച്ചു കൂട്ടുന്ന 
നിന്റ്റെ തണുപ്പിനെ ,
ഓരോ തവണയും 
എണ്ണിയെണ്ണി  
ഞാന്‍ പെറുക്കി വച്ചു .
എന്റ്റെ ഹൃദയത്തില്‍ 
മനസ്സില്‍
നിന്റ്റെ നിലവറക്കുഴിയില്‍ മുങ്ങി 
നീ വളര്‍ത്തുന്ന പരല്‍മീനുകളെ 
രാത്രിയുടെ യാമങ്ങളില്‍ 
ഞാന്‍ പിടിച്ചു .
നിന്റ്റെ ഓളങ്ങളില്‍ 
ഞാന്‍ മലര്‍ന്നു കിടന്നു .
നിന്റ്റെ നുരയില്‍ 
ഞാന്‍ മുങ്ങാം കുഴിയിട്ടു.
നീ ചുരത്തിയ 
നിന്റ്റെ നനുത്ത പാതയില്‍ 
നിന്റ്റെ കുളിരില്‍ 
അലിഞ്ഞലിഞ്ഞു 
പലപ്പോഴും ഞാനില്ലാതായി .
അപ്പോഴൊക്കെ 
ഞാന്‍ തനിച്ചായിരുന്നു .
ആരുമെനിക്ക്  കൂട്ടിനില്ലായിരുന്നു .
എന്നിട്ടും 
നീയെന്നെ മുക്കി കൊന്നില്ല .
നിന്റ്റെ തണുപ്പിന്റ്റെ  ആഴങ്ങളിലേയ്ക്ക് 
ക്ലാവ് പിടിച്ച 
നിന്റ്റെ ഇരുണ്ട രഹസ്യങ്ങളിലേയ്ക്ക് 
നീയെന്നെ കൂടി കൊണ്ട് പോയില്ല .
മനസ്സിലാകുന്നു 
നിന്റ്റെ നെഞ്ചില്‍ 
ചിലര്‍ തോട്ട പൊട്ടിക്കുന്നു .
പൊക്കിളില്‍ 
നഞ്ചു കലക്കി 
നിന്റ്റെ സ്വൈര്യം  കെടുത്തുന്നു .
മണല്‍ വാരി 
നിന്റ്റെ മാംസവും മജ്ജയും 
അവര്‍ കവര്‍ന്നെടുത്തു .
പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും 
നിന്റ്റെ നേരെ വലിച്ചെറിഞ്ഞു .
നീ മുറിപ്പെട്ടു .
ക്യാന്‍സര്‍ വന്നു  പഴുത്തളിഞ്ഞു 
നിന്റ്റെ കവിള്‍ വികൃത,മായി  .
നിന്നില്‍ നിന്നും 
പഴുപ്പും രക്തവും ഒഴുകി .
നുണ ക്കുഴികള്‍ മാഞ്ഞ്
നിന്റ്റെ ഞരമ്പുകള്‍ നീലിച് 
കെട്ടുപിണഞ്ഞു കിടന്നു .
എന്നിട്ടും നീ പ്രതികരിച്ചില്ല .
ഒട്ടിക്കരിവാളിച്ച വയറുമായി 
ഭൂമിക്ക് മുകളില്‍ 
നീ നിസ്സഹായയായി 
മലര്‍ന്നു കിടന്നു .
ഒരനാഥയെപ്പോലെ
അപ്പോള്‍ 
നിന്റ്റെ കണ്ണുകള്‍ 
ചത്ത മീനിന്റ്റെതായിരുന്നു.
കണ്ടവര്‍ നിന്നെ അറച്ചു.
നിന്നെ പുഛ്ചിച്ചു . 
ദുഃഖം തോന്നി .
ആരും കാണാതെ മാറി നിന്ന്
മുഖം പൊത്തി ഞാന്‍ കരഞ്ഞു .
ചോദിക്കട്ടെ .
ഫാക്ടറി മലിന ജലം നിന്നിലെയ്ക്ക് 
നിന്റ്റെ ആമാശയത്തിലെയ്ക്ക് 
മനുഷ്യന്‍ ഒഴിക്കുന്നതാണോ 
നിന്നെ ചൊടിപ്പിക്കുന്നത്?
അപ്പോഴൊക്കെ 
ഞാന്‍ കണ്ടിട്ടുണ്ട് 
നിന്റ്റെ  വിറകയറിയ 
ഒരുതരം വെറുപ്പാര്‍ന്ന    കുടച്ചില്‍ !
ഏതോ അഴുക്ക് വന്ന്
നിന്നെ തൊട്ടതു പോലെ ,
എന്തിനെയും 
കുലംകുത്തി ഒഴുക്കി 
ജീവനെ വാര്ന്നെടുക്കണമെന്ന
വാശി ,
പ്രതികാരം .
മണല്‍ തിട്ടലുകള്‍ ഇടിച്ചു 
മരങ്ങള്‍ പിഴുത് 
അലറി കൂവി നീ കടന്നു പോകുമ്പോള്‍ 
മുഖത്തു നോക്കാന്‍ ഭയം തോന്നും .
നീ ഭദ്രകാളിയെപ്പോലെ
നാവു നീട്ടും 
നിന്റ്റെ മുഖമാകെ ചുവന്നിരിക്കും .
പത്രപ്രവര്‍ത്തകന്‍   സജി തോമസ്‌ എനിക്കെഴുതി :
" മരണം പുതച് കൊരട്ടിയാര്‍ 
എരുമേലിക്ക് ചുറ്റിനും 
ഒരു കറുത്ത വിഷപാമ്പിനെ പോലെ 
പതുങ്ങി കിടക്കുന്നു ."
എന്റ്റെ പ്രിയപ്പെട്ട കൊരട്ടിയാറേ,
നിന്നെ കുറിച്ചാണ് പറഞ്ഞത് .
കേട്ടപ്പോഴെനിക്ക് വേദനയായി .

മരിച്ച പെണ്‍കുട്ടികളുടെ 
അമ്മമാരുടെ ദുഃഖം നീയറിയണം.
കാണണം .
അവരുടെ നെഞ്ചിലാണ് 
നീ നിന്റ്റെ നഖമിറക്കുന്നത് .
ഒരമ്മയേയും നീയിനി കരയിപ്പിക്കരുത്  
അല്‍പ്പം തണുപ്പല്ലേ
നിന്നില്‍ നിന്നും അവര്‍ക്ക് വേണ്ടൂ ?
അതല്ലെ അവര്‍ ചോദിച്ചുള്ളൂ .
കൊടുക്കണം .
അവര്‍ തണുക്കട്ടെ .
ഉപദേശിക്കാന്‍ ഞാനാളല്ല.
എങ്കിലും 
ഒന്നെനിക്ക് പറയാനുണ്ട്  .
ഇനി ഒരിക്കലും  
നിനക്ക് നിന്റ്റെ ജന്മദേശം
കാണാന്‍ കഴിയില്ല ,
ശാപവാക്കുകളല്ല ;
നീ പറഞ്ഞല്ലോ 
" ദൈവവും മാലാഖമാരും കൂടി 
ചവിട്ടിക്കുഴച്ച മണ്ണില്‍ 
അവിടെ നിന്നുമാണ് 
ഞാന്‍ വരുന്നത് ."
നിനക്കഭിമാനിക്കാം .
അതിനുള്ള ഭാഗ്യം നിനക്കുണ്ടായി .
ഇനിയും 
എന്നും 
പതിവ് പോലെ 
താഴോട്ടൊഴുകുവാനേ
നിനക്ക് കഴിയൂ .
ഒരു നദിയും 
അതിന്റ്റെ ഉത്ഭവസ്ഥാനത്തെയ്ക്ക്
ഉയര്ന്നൊഴുകില്ലെന്ന്‍
നീ മനസ്സിലാക്ക്...
എങ്കിലും നിനക്ക് പിണക്കമില്ല 
നീയെനിക്ക് 
ഞാന്‍ ജനിച്ചതും അറിഞ്ഞതുമായ 
നാള്‍ മുതല്‍ 
നന്മയായിരുന്നു 
മേന്മ    മാത്രമായിരുന്നു .
പറയട്ടെ .
സ്വര്‍ഗ്ഗം പെയ്തിറക്കി
നിന്റ്റെ മടിയിലേയ്ക്ക് ഞാന്‍ വരും  
ആ നെഞ്ചിലേയ്ക്ക് ഞാന്‍ ചേര്‍ന്നിരിക്കും 
നിന്റ്റെ മടിക്കുത്ത് 
എന്നും എന്റ്റെ ഇരിപ്പിടമാകട്ടെ !.


( മണിമല ആറിനെക്കുറിച്ച്... ......2011-12 ല്‍ എഴുതിയത് .
  ശ്രീ ജോര്‍ജ് ജോസഫ്‌ കെ  യുടെ 
  "മറിയമ്മ എന്ന മറിമായ " പുസ്തകത്തില്‍ പ്രസ്ദ്ധീകരിച്ചത് )
  

Thursday, 22 March 2012

അമ്മയുടെ വിഷം

തീനാമ്പുകള്‍ പോലെ ചുവന്ന നാവു കൊണ്ട് കുട്ടി മുലതുപ്പി .
"വേണ്ട ...ഇതില്‍ കൂടി നീയെന്നെ ..."
സ്ത്രീയതിനു മറുപടി പറഞ്ഞു .
"ഇതില്‍ കൂടി നിന്റെ ആമാശയത്തില്‍ ഭൂമി ഇരുന്ന് പഴുക്കട്ടെ .
പഴുക്കുന്ന ലാവയില്‍ നിന്റെ ലിങ്കം ഞാന്‍ മുക്കും .
വിപ്ലവത്തിന്റ്റെ മുട്ടകള്‍ നിന്റ്റെ പൊക്കിളില്‍ വച്ച് ഞാന്‍ വിരിയിക്കും
പഴയ മണ്ണിന്റ്റെ പുപ്പില്‍ ,
ഗന്ധത്തില്‍ ,
കുടുംബത്തിന്റെ തൂണില്‍
ചങ്ങലയില്‍ നിന്നെ ഞാന്‍ ബന്ധിക്കയില്ലെന്ന്‍
കുടുക്കുകയില്ലെന്ന്‍
വിശ്വസിക്കാന്‍ നിനക്ക് ധൈര്യമുണ്ടോ ..?
കുട്ടി അലറി .
"ഇല്ല..ഇല്ല ..നിങ്ങള്‍ക്കെന്നെ ബന്ധിക്കാന്‍ കഴിയില്ല ഒരിക്കലും ."
അലറിയ കുട്ടിയുടെ വാ തുറന്നിരുന്നു .
തുറന്നിരുന്ന വായില്‍ അണ്ണാക്കോളം പിന്നെയും മുല തിരുകി .
തിരുകിയ മുലയില്‍ കുട്ടി മരണ വേദനയില് പല്ലുകളമര്‍ത്തി .
സ്ത്രീ അതുകണ്ട് അലറിയലറി ചിരിച്ചു .
കുട്ടി ശ്വാസം മുട്ടി കരഞ്ഞു .‍

(1970 - ജ്വാല ക്ഷോഭപതിപ്പില് പ്രസിദ്ധീകരിച്ചത് ‍   )

Tuesday, 6 March 2012

സര്‍പ്പം മുട്ടയിട്ടിരിക്കുന്ന മാളം

 
      സര്‍പ്പം മുട്ടയിട്ടിരിക്കുന്ന മാളത്തിനുമപ്പുറത്തു മരങ്ങളുടെ മറവില്‍ ഭ്രാന്തന്‍ ഇരുന്നു .മരങ്ങളില്‍ നിറച്ചും പൂക്കളും പൂക്കളില്‍ നിറയെ തേനും ഉണ്ടായിരുന്നു .തേന്‍ നുകരുന്ന വണ്ടുകള്‍ക്കു വര്‍ണ്ണം കൊടുക്കാത്ത ദൈവത്തെ ഭ്രാന്തന്‍ പഴിച്ചു .
 
      അപ്പോള്‍ ദൂരെ ഒരു സ്ത്രീ ഉറക്കെ കരഞ്ഞു .ദൈവത്തെ വിളിച്ചു ആ സ്ത്രീ നിലവിളിക്കുന്നതും പിന്നെ ശപിച്ച് കൊണ്ട് എന്തെല്ലാമോ വിളിച്ചു പറയുന്നതും ഭ്രാന്തന്‍ കേട്ടു .വിളിച്ചു പറയുന്നതെന്തെന്ന് വീണ്ടും വീണ്ടും ശ്രദ്ധിക്കുമ്പോള്‍ കതിരിട്ട ഗോതമ്പുവയലിന്റ്റെ ഇടയില്‍ കൂടി ഒരു സ്ത്രീ ഓടിപോകുന്നതും ഉയര്‍ത്തി പിടിച്ച കരിങ്കല്ലുമായി ഒരു ചെറുപ്പക്കാരന്‍ അവളെ പിന്തുടരുന്നതും ഭ്രാന്തന്‍ കണ്ടു .ഒരു പക്ഷെ ചെറുപ്പക്കാരന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് , മറ്റൊരു ചെറുപ്പക്കാരനെ സ്ത്രീ സത്കരിച്ചിരിക്കും, ഭാന്തന്‍ കരുതി .തന്റ്റെ ഭാര്യയെ ഞെരിച്ചു കൊന്നത് പോലെ ,ശ്വാസം മുട്ടിച്ചത് പോലെ അവളെ കൊല്ലണമെന്നു ഭാന്തന്‍ വിളിച്ചു പറഞ്ഞു .
 
     ഭ്രാന്തന്‍ ധരിച്ചിരുന്നത് ,നിറം മങ്ങിയതും കീറിയതുമായ കറുത്ത കോട്ടായിരുന്നു. കോട്ടിനുള്ളില്‍
നിറച്ചും വറുത്ത കടലയും കുട്ടികളെ എറിയുന്നതിനുള്ള കല്ലും ഉണ്ടായിരുന്നു .മുമ്പില്‍ ഓടിപ്പോയ സ്ത്രീയെ എങ്ങനെ കൊല്ലേണ്ടുവെന്നു ഭ്രാന്തന്‍ ചിന്തിച്ചു .പിന്നില്‍ കൂടി കടന്നു ചെന്ന് കഴുത്തു പിടിച്ചു ഞെരിച്ചു കൊല്ലുക. അല്ലെങ്കില്‍ പിടിച്ചു നിറുത്തി കഴുത്തറക്കുക.കൊല്ലുന്നതിന്റ്റെ വിവിധവശങ്ങളെപ്പറ്റി ഭ്രാന്തന്‍ ചിന്തിച്ചു .എറിഞ്ഞു കൊല്ലുന്നതും ഭംഗിയെന്ന് കരുതിയ ഭ്രാന്തന്‍ കോട്ടിനുള്ളില്‍ നിന്നും ഘനമുള്ള ഒരു കല്ലെടുത്തു .അപ്പോള്‍ ആ സ്ത്രീ കുട്ടിക്കാട്ടിനുള്ളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു .പുറകെ ഓടി മറഞ്ഞ ചെറുപ്പക്കാരന്‍ അവളെ കൊന്നിരിക്കും --ഭ്രാന്തന്‍ കരുതി . വേദനയോടെ കൂടി കരയുന്ന സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നയാള്‍ ചെവിയോര്‍ത്തു .രക്തം പുതു മണ്ണില്‍ പുരളുമ്പോള്‍ ഉയരുന്ന ഗന്ധം ! ഓര്‍ത്തപ്പോള്‍ ഭ്രാന്താണ് ഛര്‍ദ്ദിക്കാന്‍ തോന്നി .
 
      അപ്പോള്‍ ദൂരെ ഇണ ചേര്‍ന്നു നില്‍ക്കുന്ന കറുത്ത പാണ്ടുള്ള പട്ടിയെ എറിയാന്‍ തക്കം നോക്കി നില്‍ക്കുകയായിരുന്ന ചെറുക്കനും അവനു കല്ല്‌ പെറുക്കി കൊടുക്കുന്ന വെളുപ്പു ദീനം പിടിച്ച തെണ്ടിയും അരികത്തുണ്ടായിരുന്നു. ചെറുക്കനെ പോലെ തക്കം നോക്കി കാടിന് വെളിയില്‍ കാത്തിരുന്ന ഭ്രാന്തന്‍ ഉള്ളില്‍ കടന്നു .രക്തത്തില്‍ കുളിച്ചു തല വേര്‍പെട്ടു കിടന്നു പിടയ്ക്കുന്ന സ്ത്രീയുടെ ജഡം കാണണം .ജഡത്തില്‍ ആഞ്ഞെറിയുന്ന പുരുഷന്‍ .ഭ്രാന്തന്‍ ധൈര്യം വരുത്തി .പിന്നെ ശബ്ദം ഉണ്ടാക്കാതെ ഒരു വള്ളിയില്‍ പിടിച്ചു കൊണ്ട് അകത്തേയ്ക്ക് നോക്കി .അസ്തമിക്കുന്ന സൂര്യന്റ്റെ വെളിച്ചത്തില്‍ ഭിത്തിയില്‍ സ്ത്രീയുടെ നിഴല്‍ പുരുഷന്റ്റെ നിഴലിനോട്‌ കൂടി ചേര്‍ന്നു .
 
     ഭ്രാന്തന്റ്റെ കണ്ണുകളടഞ്ഞു .
 
 
( മാതൃ ഭൂമി വിഷുപതിപ്പ്----13-04-1969-- ല്‍ പ്രസ്ദ്ധീകരിച്ചത് ) .